ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആദ്യ കാലത്ത് ഈ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും പാലക്കാട്ടുശ്ശേരി രാജവംശം, കല്ലമ്പാട്ട്, കവളപ്പാറ, കേനാത്ത് നായര്‍ എന്നിവരുടെ കൈവശമായിരുന്നു. 1936-ല്‍ ആര്‍.കൃഷ്ണന്‍, കെ.കെ.അപ്പു, ടി.സി. കുഞ്ചു, കഴനിച്ചിറ രാഘവന്‍, ചോറുകുളം ആറുമുഖന്‍, ഗോവിന്ദന്‍, സി.ആര്‍.പങ്ങി എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ കര്‍ഷകപ്രസ്ഥാനം, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭം എന്നിവ സംഘടിപ്പിക്കപ്പെട്ടു. 1936-ല്‍ കര്‍ഷക സംഘത്തിന്റെ ആഹ്വാനമനുസരിച്ച് മേലാര്‍ക്കോട്ടിലും സമരങ്ങള്‍ നടന്നു. 1885-ല്‍ മേലാര്‍ക്കോട്ടില്‍ കല്ലമ്പാട്, വടക്കഞ്ചരി ഗ്രാമത്തിലെ രാമു അയ്യര്‍ സ്ഥാപിച്ച സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നിരവധി ആരാധനാലയങ്ങല്‍ ഈ പഞ്ചായത്തിലുണ്ട്. ചെറുനട്ടൂരി ഭഗവതിക്ഷേത്രം, സ്വര്‍ഗ്ഗനാഥക്ഷേത്രം,മുഹ്യുദ്ധീൻ മഹല്ല് കമ്മിറ്റി ചിറ്റിലഞ്ചേരി, ചീനിക്കോട് മുസ്ളീം പള്ളി, പുത്തന്‍തറ മുസ്ളിംപള്ളി, ജപമാലചര്‍ച്ച് എന്നിവ ഈ പഞ്ചായത്തിലെ വിവിധ മതസ്ഥരുടെ പ്രധാന ആരാധനലയങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്ന വേല, ആറാട്ട് ഉത്സവം, ജപമാലറാണി, പള്ളിപെരുന്നാള്‍ എന്നീ വിവിധ പരിപാടികള്‍ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. കഥാപ്രസംഗം, നാടോടിപാട്ടുകള്‍ എന്നീ മേഖലകളിലൂടെ അറിയപ്പെട്ട ചേരാമംഗലം കാണൂര്‍ വിശ്വനാഥന്‍ നായര്‍, മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്കൊപ്പം കവിതാരചന നടത്തിയ പി.സി.എസ്.നായര്‍, കണ്യാര്‍കളി രംഗത്ത് അറിയപ്പെട്ട മേലാര്‍കാട് തെക്കേത്തറ നാരായണന്‍ മാഷ്, കേരളത്തിന്റെ തനത് വാദ്യോപകരണമായ ചെണ്ടയുടെ പട്ടം നിര്‍മ്മിച്ചെടുക്കുന്നതില്‍ വിദ്വാനായ പാലന്തോണി എന്‍.മുരുകന്‍ ഹെക്കോടതി ജഡ്ജി എം.എന്‍.കൃഷ്ണന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക ശോഭ വര്‍ദ്ധിപ്പിക്കുന്നതിന് പരിശ്രമിച്ച പ്രശസ്ത വ്യക്തികളാണ്. 1958-ന്റെ ആരംഭത്തോടെ ചേരാമംഗലം അന്താഴിയില്‍ വി.കെ.എസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരോഗമന കലാസമിതിയാണ് ഈ പഞ്ചായത്തിന്റെ ആദ്യത്തെ സാംസ്കാരിക സംഘടന. ഇന്ന് പഞ്ചായത്തിലുള്ള ഒരു സാംസ്കാരിക നിലയമാണ് വലതല സാംസ്കാരികനിലയം. കൂടാതെ വലതല വായനശാല, പി.കെ.എസ്. വായനശാല എന്നീ വായനശാലകളുമുണ്ട്.