ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കില്‍ നെന്മാറ ബ്ളോക്കിലാണ് മേലാര്‍കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1965 മാര്‍ച്ച് 15-ാം തീയതിയാണ് മേലാര്‍കോട് പഞ്ചായത്ത് രൂപീകൃതമായത്. 16 വാര്‍ഡുകളുളള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്തു വീഴുമലയും, എരിമയൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അയിലൂര്‍ , നെന്മാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടാഴി പഞ്ചായത്തും, കിഴക്കുഭാഗത്ത് പല്ലശ്ശന, നെന്മാറ പഞ്ചായത്തുകളുമാണ്. മേലാര്‍കോട് വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന മേലാര്‍കോട് പഞ്ചായത്തിന് 25.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 24,540 വരുന്ന ജനസംഖ്യയില്‍ 12,478 പേര്‍ സ്ത്രീകളും , 12,062 പേര്‍ പുരുഷന്‍മാരുമാണ്. പാലക്കാട് ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 ശതമാനം സാക്ഷരത കൈവരിച്ച ആദ്യപഞ്ചായത്ത് എന്ന ബഹുമതി നേടിയ മേലാര്‍കോട് പഞ്ചായത്തിന്റെ ഇപ്പോഴത്തെ സാക്ഷരതാനിരക്ക് 91.95 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മേലാര്‍കോട് പഞ്ചായത്തിന് പ്രധാനമായി കുന്നിന്‍പ്രദേശങ്ങള്‍, പാറക്കെട്ടുകള്‍, സമതപ്രദേശങ്ങള്‍, വനഭൂമി എന്നിങ്ങനെ നാലായി തിരിക്കാം. ഗായത്രിപുഴയ്ക്ക് മേലെ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ പഞ്ചായത്തിന് മേലാറോഡ് എന്നും, പിന്നീട് മേലാര്‍കോട് എന്നും പേരു ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. മേലാര്‍കോട് പഞ്ചായത്തിന്റെ മുഖ്യകൃഷി നെല്ലാണ്. തെങ്ങ്, റബ്ബര്‍, ഇഞ്ചി, കവുങ്ങ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കുരുമുളക്, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഗായത്രിപുഴ, അയിലൂര്‍പുഴ എന്നിവ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി ഒഴുകുന്ന അമൂല്യ ജലസ്രോതസ്സുകളാണ്. ഇതിനുപുറമെ 6 കുളങ്ങളുമിവിടെയുണ്ട്. ജലസേചനവുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തിലെ പ്രധാന കനാലുകളാണ് മംഗലം ഡാം കനാല്‍, ചേരാമംഗലം കനാല്‍, പോത്തുണ്ടി കനാല്‍ എന്നിവ .ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കുന്നിന്‍പ്രദേശമായ വീഴുമലകുന്ന്, അമ്പാഴകുന്ന്, കൌണ്ടന്‍കുന്ന്, മടമലകുന്ന് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കുന്നിന്‍പ്രദേശങ്ങളാണ്. 88 പൊതുകുടിവെള്ള ടാപ്പുകളും, പൊതുകുളങ്ങളും ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. 913 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശ യാത്രയ്ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പാലക്കാട് ടൌണ്‍ റെയില്‍വെ ‍സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍ ബസ് സ്റ്റാന്റ്, നെന്മാറ ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍. മംഗലം-ഗോവിന്ദപുരം സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ വന്‍കിട വ്യവസായ യൂണിറ്റുകളൊന്നും ഇല്ലെങ്കിലും ഡി.ഡബ്ള്യു.സി.ആര്‍.എ യൂണിറ്റുകള്‍, ബട്ടണ്‍ എക്സ്പോര്‍ട്ട് കമ്പനി, എന്നീ ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങള്‍ വളരെ കൂടുതല്‍ വിറ്റഴിക്കുന്ന പഞ്ചായത്തുകളിലൊന്നാണിത്. പരമ്പരാഗത മേഖലയില്‍ മണ്‍പാത്രനിര്‍മ്മാണം, ചെണ്ട നിര്‍മ്മാണം എന്നിവ എടുത്തുപറയത്തക്ക യൂണിറ്റുകളാണ്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍ കടകളും ഒരു നീതി സ്റ്റോറും, ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. കല്ലമ്പാട് ഷോപ്പിംഗ് കോംപ്ളക്സ്, ചിറ്റിലഞ്ചേരി ഷോപ്പിംഗ് കോംപ്ളക്സ് എന്നിവ പഞ്ചായത്തിലെ പ്രധാന വ്യാപരകേന്ദ്രങ്ങളാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നിരവധി ആരാധനാലയങ്ങല്‍ ഈ പഞ്ചായത്തിലുണ്ട്. ചെറുനട്ടൂരി ഭഗവതിക്ഷേത്രം, സ്വര്‍ഗ്ഗനാഥക്ഷേത്രം, ചീനിക്കോട് മുസ്ളീം പള്ളി, പുത്തന്‍തറ മുസ്ളിംപള്ളി, ജപമാലചര്‍ച്ച് എന്നിവ ഈ പഞ്ചായത്തിലെ വിവിധ മതസ്ഥരുടെ പ്രധാന ആരാധനലയങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്ന വേല, ആറാട്ട് ഉത്സവം, ജപമാലറാണി പള്ളിപെരുന്നാള്‍ എന്നീ വിവിധ പരിപാടികള്‍ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. കഥാപ്രസംഗം, നാടോടിപാട്ടുകള്‍ എന്നീ മേഖലകളിലൂടെ അറിയപ്പെട്ട ചേരാമംഗലം കാണൂര്‍ വിശ്വനാഥന്‍ നായര്‍, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ക്കൊപ്പം കവിതാരചന നടത്തിയ പി.സി.എസ്.നായര്‍, കണ്യാര്‍കളി രംഗത്ത് അറിയപ്പെട്ട മേലാര്‍കാട് തെക്കേത്തറ നാരായണന്‍ മാഷ്, കേരളത്തിന്റെ തനത് വാദ്യോപകരണമായ ചെണ്ടയുടെ പട്ടം നിര്‍മ്മിച്ചെടുക്കുന്നതില്‍ വിദ്വാനായ പാലന്തോണി എന്‍.മുരുകന്‍ ഹെക്കോടതി ജഡ്ജി എം.എന്‍.കൃഷ്ണന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക ശോഭ വര്‍ദ്ധിപ്പിക്കുന്നതിന് പരിശ്രമിച്ച പ്രശസ്ത വ്യക്തികളാണ്. 1958-ന്റെ ആരംഭത്തോടെ ചേരാമംഗലം അന്താഴിയില്‍ വി.കെ.എസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരോഗമന കലാസമിതിയാണ് ഈ പഞ്ചായത്തിന്റെ ആദ്യത്തെ സാംസ്കാരിക സംഘടന. ഇന്ന് പഞ്ചായത്തിലുള്ള ഒരു സാംസ്കാരിക നിലയമാണ് വലതല സാംസ്കാരികനിലയം. കൂടാതെ വലതല വായനശാല, പി.കെ.എസ്. വായനശാല എന്നീ വായനശാലകളുമുണ്ട്. 1994-ല്‍ മേലാര്‍കോട് ആരംഭിച്ച പ്രാഥമിക ആരോഗ്യകേന്ദ്രം, ഹോമിയോ ആശുപത്രി, ചേരാമംഗലം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, സ്വകാര്യമേഖലയിലുള്ള നാരായണ ആയുര്‍വേദ ചികിത്സാലയം, മേലാര്‍കോടിലുള്ള ധന്യ അലോപ്പതി ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിലുള്ള വിവിധ ആരോഗ്യസംവിധാനങ്ങളാണ്. മൃഗസംരക്ഷണരംഗത്ത് ചിറ്റിലഞ്ചേരിയില്‍ ഒരു മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നു. ചിറ്റിലഞ്ചേരിയില്‍ ദേശസാല്‍കൃത ബാങ്കായ കാനറാബാങ്ക്, പേരമംഗലം, മേലാര്‍കോട് എന്നിവിടങ്ങളിലായി ആലത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ചിറ്റിലഞ്ചേരിയിലെ സ്വകാര്യബാങ്കായ ധനലക്ഷമി ബാങ്ക് എന്നിവ സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. മേലാര്‍കോട് ഒരു കൃഷിഭവനും, ഒരു ഫോറസ്റ്റ് ഓഫീസും, ചിറ്റിലഞ്ചേരിയില്‍ ഒരു ബി.എസ്.എന്‍.എല്‍.ടെലിഫോണ്‍ എക്സ്ചേഞ്ചും, ഒരു സബ് പോസ്റ്റ്ഓഫീസും ഒരു സ്വകാര്യ കല്യാണ മണ്ഡപവും ചേരാമംഗലം, നെന്മാറ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസിന്റെ ശാഖകളും, നെന്മാറ, മുടപ്പല്ലൂര്‍ എന്നിവിടങ്ങളിലായി കെ.എസ്.ഇ.ബി ഓഫീസുകളും സ്ഥിതി ചെയ്യുന്നുണ്ട്. ആലത്തൂരില്‍ ഒരു പോലീസ് സ്റ്റേഷനുമുണ്ട്. 198 കുടുംബശ്രീയൂണിറ്റുകളും, ഒരു അക്ഷയകേന്ദ്രവും പഞ്ചായത്തിന്റെ ക്ഷേമകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.